ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Saturday, January 9, 2016

ഇതാ ഒരു നീണ്ടമുല്ലാക്കഥ...


ഒരു നീണ്ട യാത്രയുടെ അവസാനം അയാള്‍ കേരളത്തിലെ ഒരു നഗരത്തിലെത്തി. ആ നഗരത്തിന്റെ വലിപ്പവും അവിടുത്തെ തിക്കും തിരക്കും സരിതയും കസ്തൂരിരംഗപടസുജാതസമരങ്ങളും ആള്‍ദൈവങ്ങളും വെള്ളാപ്പള്ളിക്കൂടങ്ങളും
ജനപിന്നോക്ക യാത്രകളും ലുലുമാള്‍ദൈവങ്ങളും ഫോബ്‌സ് മാഗസിനിലെ സമ്പന്നരുടെ ഫോട്ടോയും ഫഌക്‌സ് ബോര്‍ഡുകളും മാഹില്‍ത്തെ പെമ്പിള്ളാരെയും ഒക്കെക്കണ്ടുകണ്ട് അയാള്‍ വല്ലാതെ അമ്പരന്നു, ബേജാറായി: 'ഇതുപോലൊരു സ്ഥലത്ത് ആളുകളെ എങ്ങനെ തിരിച്ചറിയും? അവനവനെത്തന്നെ മാറിപ്പോവുകയില്ലേ?' അയാള്‍ സ്വയം പറഞ്ഞു: 'ഞാന്‍ എപ്പോഴും ഞാനാരാണെന്ന് ഓര്‍ത്തുവെയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ എനിക്ക് എന്നെ നഷ്ടപ്പെട്ടുപോകും.' അയാള്‍ ഒരു ലോഡ്ജിലേക്ക്  ചെന്നു. ക്ഷീണം മൂലം അല്പമൊന്ന് മയങ്ങണമെന്ന് തോന്നി. അപ്പോള്‍ ഒരു പ്രശ്‌നം: ഉറങ്ങിപ്പോയാലോ? ഉണര്‍ന്നുനോക്കുമ്പോള്‍ അവനവനെ എങ്ങനെ തിരിച്ചറിയും? തൊട്ടടുത്ത കട്ടിലില്‍ കിടന്ന ആളോട് അയാള്‍ ഗുരുതരമായ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു. അയാള്‍ പരിഹാരം കണ്ടെത്തി: 'ഇതാ, ഈ ബലൂണ്‍ വീര്‍പ്പിച്ച് നിങ്ങളുടെ കാലില്‍ കെട്ടിക്കോളൂ. ഉണര്‍ന്നുനോക്കുമ്പോള്‍ കാലില്‍ ബലൂണ്‍ ഉള്ള ആള്‍ നിങ്ങളാണെന്ന് ഉറപ്പിക്കാമല്ലോ.' 'ശരി.' അയാള്‍ക്ക് ആ ആശയം ബോധിച്ചു. അല്പസമയം കഴിഞ്ഞ് അയാളുണര്‍ന്നു നോക്കിയപ്പോള്‍ അതു തൊട്ടടുത്ത കട്ടിലിലെ ആളുടെ കാലിലാണ് കണ്ടത്. അപ്പുറത്തെ കട്ടിലില്‍ കിടക്കുന്നത് താനാണെന്ന് അയാള്‍ ഉറപ്പിച്ചു. പരിഭ്രമത്തോടെ അയാള്‍ അടുത്തുകിടക്കുന്നയാളെ തട്ടിവിളിച്ചു: 'എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ!' ആ മനുഷ്യന്‍ ചാടിയെഴുന്നേറ്റ് എന്തുപറ്റി എന്നന്വേഷിച്ചു. അയാള്‍ പറഞ്ഞു: 'ബലൂണ്‍ കാലില്‍ കണ്ടതുകൊണ്ട് നിങ്ങള്‍ ഞാന്‍ ആണെന്ന് എനിക്കു വ്യക്തമായി. പക്ഷേ, നിങ്ങള്‍ ഞാന്‍ ആണെങ്കില്‍ പിന്നെ, ഈ നില്‍ക്കുന്ന ഞാന്‍ ആരാണ്?'
(മുല്ലാക്കഥയ്ക്ക് ഒരു പാഠാന്തരം)

Saturday, December 26, 2015

പുതിയ പതിപ്പുകള്‍

കിടപ്പറസമരം
കഥകള്‍
മൂന്നാം പതിപ്പ്
മാതൃഭൂമി ബുക്‌സ് കോഴിക്കോട്
BUY NOW

ഉള്ളാള്‍
കഥകള്‍
രണ്ടാം പതിപ്പ്
ഡി.സി. ബുക്‌സ് കോട്ടയം
BUY NOW

ജനം
(കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിര്‍മിതി)
കഥകള്‍
മൂന്നാം പതിപ്പ്
ലോഗോസ് ബുക്‌സ്, പെരിന്തല്‍മണ്ണ
BUY NOW


പ്രിയപ്പെട്ടവരേ...
നന്ദി
സ്‌നേഹം

Saturday, November 16, 2013

നിങ്ങളെന്തെങ്കിലും കാണുന്നുണ്ടോ...


'I don't think we did go blind, I think we are blind. Blind but seeing. Blind people who can see, but do not see.'- Blindness(Film/Novel)

അമ്പത്തിനാലാം വയസ്സില്‍ എഴുത്തുതുടങ്ങി, വായനക്കാരെ അസാദ്ധ്യതയുടെ സാദ്ധ്യതകളിലേക്കും സ്വപ്‌നങ്ങളിലേക്കും വലിച്ചുകൊണ്ടുപോയ നോബല്‍സമ്മാനജേതാവും ലാറ്റിനമേരിക്കന്‍ എഴുത്തുകാരനുമായ ഷൂസേ സാരമാഗോവിന്റെ മാസ്റ്റര്‍പീസ് നോവലാണ് ബ്ലൈന്‍ഡ്‌നെസ്സ് അഥവാ അന്ധത. 'അന്ധത' വായിക്കുന്നവനെ വെറുതെ വിടുന്ന നോവലല്ല. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ആ നോവല്‍ ചലച്ചിത്രഭാഷയിലേക്ക് പകര്‍ത്താന്‍ പ്രശസ്തരായ പല സംവിധായകരും സമീപിച്ചെങ്കിലും സാരമാഗോ തയ്യാറായില്ല. അന്ധതയിലെ ക്രൂരതകളും പീഡനങ്ങളും മാത്രം ദൃശ്യവല്‍ക്കരിച്ച് നോവലിന്റെ ജീവന്‍ മുഴുവനായും ചോര്‍ന്നുപോയേക്കുമെന്നുള്ള  ഭയം അന്ധതയുടെ എഴുത്തുകാരനുണ്ടായിരുന്നു. പക്ഷേ ബ്രസീലില്‍ നിന്നുള്ള സംവിധായകന്‍ ഫെര്‍ണാണ്ടോ മിറല്ലിസിന് മുന്നില്‍ സാരമാഗോ കീഴടങ്ങി. കൊളംബിയയിലെ ചേരികളില്‍ താമസിക്കുന്ന, ക്യാമറയ്ക്ക് മുന്നിലിന്നേ വരെ മുഖം കൊടുത്തിട്ടില്ലാത്ത ഇരുന്നൂറോളം തല തെറിച്ച മനുഷ്യന്മാരെ ക്കൊണ്ട് മിറല്ലെസ് എടുത്ത 'സിറ്റി ഓഫ് ഗോഡ'് എന്ന ഒറ്റപ്പടത്തിന്റെ ബലം അറിയാവുന്നത് കൊണ്ടോ എന്തോ സാരമാഗോ സമ്മതം മൂളി. അങ്ങനെ 1995-ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പുറത്തിറങ്ങിയ 'എന്‍സാലോ സോബ്രെ അ സെഗ്വുറ' എന്ന അന്ധതയ്ക്ക് 2008-ല്‍ ഇംഗ്ലീഷില്‍ ചലച്ചിത്രഭാഷ്യമുണ്ടായി. ആ വര്‍ഷകാന്‍ചലച്ചിത്രോല്‍സവത്തില്‍ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ട ബ്ലൈന്‍ഡ്‌നെസ് കണ്ടവന്റെ മനസ്സില്‍ ഒരിക്കലും മറക്കാത്ത ദൃശ്യപ്രഹരമായി.

നഗരത്തിലെ തിരക്കേറിയൊരിടത്ത്  സിഗ്നല്‍ തെളിയുന്നതും കാത്ത് തന്റെ കാറിലിരിക്കുന്ന ഒരു ജപ്പാനീസ് യുവാവിന്റെ കാഴ്ച നഷ്ടമാവുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അയാള്‍ക്ക് കാറോടിക്കുവാന്‍ കഴിയാതെ വരുന്നു. ട്രാഫിക് ബ്ലോക്കാവുന്നു. ട്രാഫിക് പരിസരത്തുള്ളവരോട് തന്നെയൊന്ന് വീട്ടിലെത്തിക്കാനയാള്‍ അപേക്ഷിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ അയാളെ സഹായിക്കാനെത്തുകയാണ്. കാറിലിരിക്കവെ തന്റെ കണ്ണുകളില്‍ വെളുപ്പ് നിറഞ്ഞിരിക്കുന്നുവെന്നും ഒരു പാല്‍ക്കടലില്‍ നീന്തുന്നത് പോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നും ജപ്പാന്‍കാരന്‍ യുവാവിനോട് പറയുന്നു. ജപ്പാനീസ് യുവാവിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയ ചെറുപ്പക്കാരന്‍ അയാളെ വീട്ടിലെത്തിച്ച് അയാളുടെ കാറുമായി കടന്നുകളയുന്നു.
വീട്ടിലെത്തുമ്പോള്‍ ഭാര്യ കാണുന്നത് കാഴ്ച നഷ്ടപ്പെട്ട തന്റെ ഭര്‍ത്താവിനെയാണ്. അയാളെയും കൊണ്ട് അവള്‍ ഒരു നേത്രവിദഗദ്ധനെ സമീപിക്കുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അയാള്‍ക്ക് ഒരു കുഴപ്പവും നേത്രരോഗവിദഗദ്ധന്‍ കാണുന്നില്ല. അന്ന് രാത്രി, അത്താഴത്തിനിടയില്‍ ഇക്കാര്യം തന്റെ പ്രിയസഖിയുമായി പങ്കുവെയ്ക്കുന്ന ഡോക്ടര്‍ക്കും പിറ്റേദിനം അന്ധത ബാധിക്കുന്നു. ഭാര്യയ്ക്കും അസുഖം പിടിച്ചേക്കാം എന്ന ഭയത്താല്‍, തന്നെ വിട്ടുപോകാന്‍ അയാള്‍ അവളോട് അഭ്യര്‍ത്ഥിക്കുന്നു. അവളതിന് തയ്യാറാവുന്നില്ല. എന്ത് സംഭവിച്ചാലും മരണം വരെ താന്‍ കൂടെയുണ്ടാകുമെന്ന് അവള്‍ അയാളോട് പറയുന്നു. ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ വെച്ച് ജോണ്‍ എന്ന യുവാവുമായി സംഭോഗത്തിലേര്‍പ്പെട്ട് മടങ്ങാനൊരുങ്ങവെ ഒരു കാള്‍ ഗേളിന്റെ കണ്ണിലും വെളുപ്പ് നിറയുന്നു. ജോണ്‍ അവളെ ഉപേക്ഷിച്ച് പോകുന്നു. കാര്‍ മോഷ്ടിച്ച ചെറുപ്പക്കാരനെയും അന്ധത വെറുതെ വിടുന്നില്ല.

രാജ്യമൊട്ടാകെ അന്ധത പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുതുടങ്ങുന്നു. കണ്ണുകളില്‍ ഇരുട്ട് കയറിയിട്ടല്ല, കാഴ്ച നഷ്ടപ്പെടുന്നത് എന്നതായിരുന്നു വിചിത്രമായ കാര്യം. തീക്ഷ്ണമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറുന്നതായിട്ടാണ് വ്യാധി പിടിപെട്ടവര്‍ക്ക് തോന്നുന്നത്. വൈദ്യസമൂഹത്തിന് കാരണം കണ്ടെത്താനാവുന്നില്ല. ഭരണകൂടം അന്ധത ബാധിച്ചവരെ ആര്‍ക്കും പുറത്തുകടക്കാനാവാത്തവിധത്തിലുള്ള ഒരു പ്രത്യേക സെല്ലില്‍ കനത്ത സുരക്ഷാവലയത്തില്‍ അടച്ചിടാന്‍ തീരുമാനിക്കുന്നു.

ഡോക്ടര്‍ക്കൊപ്പം അന്ധയാണെന്ന് നടിച്ച് ഡോക്ടറുടെ ഭാര്യയും സെല്ലിലേക്ക് പോകുകയാണ്. അവള്‍ അന്ധയല്ലെന്ന് തങ്ങള്‍ രണ്ടുപേരും മാത്രമറിഞ്ഞാല്‍ മതിയെന്ന് അവര്‍ പരസ്പരം ഉറപ്പിക്കുന്നു.സെല്ലിലുള്ളവര്‍ക്ക് ആശ്വാസവും സഹായവുമായി മാറുകയാണവള്‍. കാഴ്ചയില്ലാത്തവരുടെ ലോകത്ത് എല്ലാത്തിനും സാക്ഷിയായി അവള്‍. കാര്‍ മോഷ്ടാവും ഏറ്റവുമാദ്യം അന്ധത ബാധിച്ച ജപ്പാനീസ് യുവാവും തമ്മില്‍ സെല്ലില്‍ അടിയുണ്ടാകുന്നു. ഡോക്ടര്‍ അവരെ പിന്തിരിപ്പിക്കുന്നു. സെല്ലിലെ നേതാവായി ഡോക്ടര്‍ മാറുകയാണ്. ജപ്പാനീസുകാരന്റെ ഭാര്യയ്ക്കും അതിനകം അന്ധത ബാധിച്ചിരുന്നു. സെല്ലില്‍ വെച്ച് അവര്‍ വീണ്ടും കണ്ടുമുട്ടുന്നു.

ഇതിനിടയില്‍ കറുത്ത കണ്ണട ധരിച്ച യുവതിയുമായി ഡോക്ടര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഡോക്ടറുടെ ഭാര്യ ഇത് കാണുന്നുണ്ടെങ്കിലും അവള്‍ അയാള്‍ക്ക് മാപ്പ് നല്‍കുന്നു. ഏതവസ്ഥയിലും അന്ധനാവുമ്പോള്‍ പോലും മനുഷ്യന് അവന്റെ അടിസ്ഥാനവികാരം വിട്ടൊരു കളിയില്ല എന്ന് അവതരിപ്പിക്കുകയാണ് നോവലിസ്റ്റും സംവിധായകനും നോവലിലൂടെയും സിനിമയിലൂടെയും.

ദിനംപ്രതി നൂറുകണക്കിന് പേര്‍ അന്ധത ബാധിച്ച് സെല്ലിലേക്കെത്തപ്പെടുകയാണ്. രോഗികള്‍ വര്‍ദ്ധിച്ചതോടെ സെല്ലില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും പടരുന്നു. ഭരണകൂടം അന്ധത ബാധിച്ചവര്‍ക്ക് മതിതായ പരിഗണനയും ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതില്‍ ഉദാസീനരാകുന്നു. മരുന്നിന് വേണ്ടി അതിര് ലംഘിക്കുന്ന ചെറുപ്പക്കാരനെ കാവല്‍ഭടന്മാര്‍ വെടിവെച്ചുകൊല്ലുന്നു. സെല്ലില്‍ അസ്വസ്ഥതകള്‍ കൂടുകയാണ്. സ്‌നേഹവും സഹാനുഭൂതിയും അധികാരത്തിലേക്കും പകയിലേക്കും വഴി മാറുന്നു.  സര്‍ക്കാര്‍ എല്ലാവര്‍ക്കുമായി അനുവദിച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള അധികാരം ആയുധധാരിയായ വാര്‍ഡ് 3-യിലെ രാജാവ് എന്ന് സ്വയം വിശേഷിപ്പിച്ച ഒരു യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുക്കുകയാണ്.

ആര്‍ക്കും ഒന്നും ചെയ്യാനാവുന്നില്ല.  പണമോ ആഭരണങ്ങളോ തരാതെ ഭക്ഷണം തരില്ലെന്ന അവരുടെ ഭീഷണിക്ക് മുന്നില്‍ മറ്റുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.  അന്ധരാകുമോ എന്നുള്ള ഭയത്താല്‍ കാവല്‍ക്കാര്‍ സെല്ലിനകത്തേക്ക് നോക്കുന്നതേയില്ല. ഗത്യന്തരമില്ലാതെ തങ്ങളുടെ കൈയ്യിലുള്ളതെല്ലാം നല്‍കി നിരായുധരായവര്‍ ഭക്ഷണം വാങ്ങുന്നു. ആഭരണങ്ങളും പണവും തീര്‍ന്നപ്പോള്‍ സ്ത്രീകളെ ഭോഗിക്കാന്‍ തന്നാല്‍ ഭക്ഷണം തരുമെന്നായി വാര്‍ഡ് മൂന്നിലെ ആളുകള്‍. പെണ്‍കുട്ടികളടക്കം സ്ത്രീകള്‍ക്കെല്ലാവര്‍ക്കും മൂന്നാം വാര്‍ഡിലേക്ക് പോകേണ്ടിവരുന്നു. ഡോക്ടറുടെ ഭാര്യ ഇരയാവുന്നത് ത്രിയീലെ രാജാവിനാണ്. മടങ്ങിവരവെ ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത് അവള്‍ക്ക് കാണേണ്ടിവരുന്നു. കണ്ടുസഹിക്കാനാവാതെ അവള്‍ വാര്‍ഡ് നമ്പര്‍ 3-ലെ രാജാവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുന്നു. അത് വലിയ പോരിന് വഴിവെക്കുകയാണ്. പലരും മരണപ്പെടുന്നു. സെല്ലില്‍ തീ പടരുന്നു. പട്ടാളക്കാര്‍ ആരുമവിടെ അവശേഷിച്ചിരുന്നില്ല. ഡോക്ടര്‍, ജപ്പാനീസ് കുടുംബം, കറുത്ത ഗ്ലാസ് ധരിച്ച യുവതി, ആണ്‍കുട്ടി, വൃദ്ധന്‍, ഫാര്‍മിസിസ്റ്റ് എന്നിവര്‍ ഡോക്ടറുടെ ഭാര്യയുടെ നേതൃത്വത്തില്‍ സെല്ല് വിട്ടുപുറത്തിറങ്ങുകയാണ്. രാജ്യം മൊത്തം അന്ധതയിലമര്‍ന്നിരിക്കുന്നതായി അവള്‍ കാണുന്നു. കൂട്ടിയടിച്ച വാഹനങ്ങള്‍, മൃതദേഹങ്ങള്‍, ഭക്ഷണത്തിന് വേണ്ടിയലയുന്ന അന്ധന്മാര്‍ - കാഴ്ച ഞെട്ടിക്കുന്നതും തളര്‍ത്തുന്നതുമായിരുന്നു. രാജ്യമൊട്ടാകെ അന്ധതയിലമര്‍ന്നിരിക്കുന്നതായി നടുക്കത്തോടയവള്‍ മനസ്സിലാക്കുന്നു.

ഒരു കഫേയില്‍ എല്ലാവരെയും എത്തിച്ച് അവളും ഭര്‍ത്താവും ഭക്ഷണം തേടിയിറങ്ങുകയാണ്. ഒരു പാട് പ്രതിസന്ധികള്‍ക്കും പിടിവലികള്‍ക്കുമിടയില്‍ ഭക്ഷണം സ്വന്തമാക്കി അവര്‍ കഫേയിലേക്ക് തിരിച്ചുനടക്കുന്നു. കഫേയില്‍ ഒരു അന്ധകുടുംബമായി അവര്‍ താമസം തുടങ്ങുകയാണ് പിന്നെ. ഒരു പ്രത്യകനിമിഷത്തില്‍ ജപ്പാനീസ് യുവാവിന് കാഴ്ച തിരിച്ചുകിട്ടുന്നു. തങ്ങള്‍ക്കും കാഴ്ച തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലും ജപ്പാന്‍കാരന് കാഴ്ച കിട്ടിയ സന്തോഷത്തിലും അവര്‍ മതി മറന്ന് ആഹ്ലാദിക്കുമ്പോള്‍ ഡോക്ടറുടെ ഭാര്യ പുറത്തേക്കിറങ്ങുന്നു. അവള്‍ ആകാശത്തേക്ക് ദൃഷ്ടിയുറപ്പിക്കുന്നു. തനിക്കും കാഴ്ച നഷ്ടപ്പെട്ടുവോ എന്ന് ശൂന്യത നിറഞ്ഞ ഇളംചിരിയോടോ അവള്‍ അനന്തതയിലേക്ക് നോക്കുമ്പോള്‍ സ്‌ക്രീനില്‍ വെളുപ്പ് പടരുന്നു.

വെളുപ്പാണ് ഈ സിനിമയുടെ നിറം. അന്ധതയുടെ നിറം വെളുപ്പാണ്. വൈറ്റ് സിക്ക്‌നെസ്സ് എന്നാണ് രോഗത്തിന് ഭരണകൂടം നല്‍കുന്ന പേര് തന്നെ. കണ്ണുകളില്‍ ഇരുട്ടല്ല, വെളുപ്പാണ് കയറുന്നത്. വെളുപ്പാണ് നമ്മെ ഭയപ്പെടുത്തുക. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ വെച്ചാണ് അന്ധത ആദ്യം കാണുന്നത്. നട്ടുച്ചയ്ക്കുള്ള പ്രദര്‍ശനമായിരുന്നു. സ്‌ക്രീനില്‍ അവസാനം വെളുപ്പ് പടര്‍ന്നപ്പോള്‍ എന്റെ കാഴ്ചയും പോയോ എന്ന് തോന്നാതിരുന്നില്ല. കണ്ണ് കാണാത്തവരുടെ ലോകത്തെക്കുറിച്ചുള്ള ആധി, നമ്മള്‍ കാണുന്ന കാഴ്ചകളെല്ലാം കാഴ്ചകളാണോ, നമ്മളെന്തെങ്കിലും കാണുന്നുണ്ടോ, എന്താണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്, ഈ ഹ്രസ്വജീവിതത്തില്‍ നമ്മള്‍ ഒന്നും കാണുന്നില്ലേ, കണ്ണ് പോയാലേ കണ്ണിന്റെ വില തിരിച്ചറിയൂ എന്ന പഴയവാചകത്തിന്റെ തിരിച്ചുവിളി- അങ്ങനെ പല പല തിരിച്ചുവിളികളും തോന്നലുകളും ഭയവും ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഈ സിനിമ നിങ്ങള്‍ കാണാതിരിക്കരുത്.

(ഇന്‍ഫിനിറ്റി മാഗസിന്‍ ഓക്ടോബര്‍ 2013.)

Monday, October 15, 2012

തിക്കും തിരക്കും


തിരക്കുള്ള ദിക്കില്‍
പതുക്കെ നടക്കുകയാണെങ്കില്‍
തിരക്ക് നമുക്ക് പതുക്കെ ആയിപ്പോവും.
അത് പോലെ
പതുക്കെയുള്ള ദിക്കില്‍
തിരക്കിട്ട് നടക്കുകയാണെങ്കില്‍
പതുക്കെ നമുക്ക്
തിരക്കായിപ്പോവും.

Friday, August 10, 2012

പുല്ലിന്‍കൊട്ട


ഈ പുല്ലിന്‍കൊട്ടേലാണ് സ്‌കൂളില് വിട്ട് ബാക്കികിട്ട്ന്ന ബൈന്നേരം ഞാങ്ങൊ ബീട്ട്‌ലെ പയ്യിനും കടച്ചിക്കുമായ് അത്തിത്തോലും കറുകയും മയ്യയും മൊത്തളും കുത്തിനെറക്കല്... പുല്ലിന്റെ എടക്ക് കൊള്ളീം കേങ്ങും അടക്കേം കട്ട് ബെക്കല് മ്ണ്ട്..ചെല്ലപ്പം റാക്കും ഇര്‍ക്കി ബെക്കല്ണ്ട്. നാല്പത്തിയേഴില്‍ത്തെ പുള്ളമ്മാറ് ഈ കൊട്ടേലേ പുല്ലിന്റട്ക്ക് പാര്‍ട്ടിക്കത്ത് ഒളിപ്പിച്ച്റ്റ് എകെജിക്കും ഇകെ നായന്നാര്‍ക്കും കൊണ്ട്‌കൊട്ക്കല്മ്ണ്ട്. (ഫോട്ടോ: നവ്യ.വി.കെ)

Saturday, June 2, 2012

മാഷ്കുഞ്ഞിരാമന്‍ മാഷ് പേടിപ്പിച്ച് വിട്ട കണക്കിന്റെ വഴിക്ക് ഞാന്‍ പിന്നെ പോയിട്ടില്ല...
പിന്നെ കുറേ വര്‍ഷം കഴിഞ്ഞ് കാരിച്ചിയേട്ടിയുടെ വീട്ടില്‍ റാക്ക് (ചാരായം ചാരായം) കുടിച്ചിരിക്കെ അവിടുത്തേക്ക് കുഞ്ഞിരാമന്‍ മാഷ് വന്നു.
ഞാന്‍ കണക്ക് പേടിച്ച് അപ്പുറത്ത് കൂടി പായാന്‍ നോക്കുമ്പം കുഞ്ഞിരാമന്‍ മാഷ് എന്നെ കൈ കൊട്ടിവിളിച്ചു.
മാഷും ഞാനും ആയി പിന്നെ കമ്പിനി.
ഫിറ്റ് ആകാശം തൊട്ടപ്പോള്‍ ഞാന്‍ മാഷിനെ 'ഡാ,കുഞ്ഞിരാമാ…' എന്നൊരൊറ്റ വിളി...
'എന്തോ...' എന്ന് മാഷ്.
'ആറും മൂന്നും ഗുണിച്ചാല്‍ എത്രയാടാ..'
ഞാന്‍ ചോദിച്ചു.
'24'
'കൈ നീട്ടെടാ...'
ഞാന്‍ ആജ്ഞ ചെയ്തു.
മാഷ് കൈ നീട്ടി.
കൈവെള്ള മുഖത്തോട് ചേര്‍ത്തുപിടിച്ച് ഞാന്‍ കരഞ്ഞു എന്നാണ് ഓര്‍മ്മ.
അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു...

Friday, January 27, 2012

തോന്നികാറ്റ് വരുന്നതും പോകുന്നതും
ഒരേ ദിശയില്‍ നിന്നല്ലെന്നത് പോലെ
തന്നെയാണ്
ജീവിതവും..
വഴികള്‍ വിഭിന്നം..
രീതികളും...

****

എല്ലാം മടുക്കും
കണ്ടുകൊണ്ടിരിക്കുമ്പോള്‍
അറിഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍
മടുക്കില്ലെന്ന് പറയുന്നത് ഒരു വലിയ കള്ളമാകുന്നു...

***

ജീവിതം എന്നത് അര്‍ത്ഥമില്ലാത്ത ഒരു സംഗതി തന്നെയാണ്.
ഏതെങ്കിലും ഒന്നിലേക്ക് ആത്മാര്‍ത്ഥമായി സമീപിക്കപ്പെടുമ്പോള്‍
നമ്മള്‍ ജീവിച്ചു എന്ന് പറയാം.
അപ്പോഴും ജീവിതം അര്‍ത്ഥമില്ലാതായിത്തന്നെ തുടരുന്നു.

***

തോറ്റ് പോകുന്നവരെയാണ് സ്ത്രീകള്‍
കൂടുതല്‍ ഇഷ്ടപ്പെടുക
വിജയത്തിന്റെ ഉന്മത്തതകളില്‍ കണ്ണടച്ചിരിക്കുന്നവരേക്കാള്‍...
എന്നാല്‍
ആഗ്രഹിക്കുന്നത് വിജയികളയെന്ന് മാത്രം...

***
മരണപ്പെടുന്നു എന്ന അവസ്ഥ പോലെ തന്നെയാണ്  ജീവിതവും..
നമ്മളെല്ലാം മരിച്ചവരാണ്
എന്ന് പറയുന്നത് പോലെ തന്നെയാണ് 
ജീവിക്കുന്നവരാണ് എന്ന് പറയുന്നതും..

****

പ്രണയിക്കുമ്പോള്‍ 
അതിരുകള്‍ നിശ്ചയിക്കരുത്.
ആളുകളെ നോക്കരുത്..
ഒന്നും നോക്കരുത്..
ഒന്നും കാണരുത്..
ഒന്നും അറിയരുത്...

***
എല്ലാ സ്‌നേഹത്തിലും ഒരു യൂദാസ് ഉണ്ട്...
മരണമെന്ന യൂദാസ്...

***

പഴയ ചൊല്ല് തന്നെ
കാമത്തിന് കണ്ണില്ല...Labels