ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Friday, May 20, 2011

സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം



(കൈരളിച്ചാനലിന്റെ പ്രധാനവാര്‍ത്ത വായിക്കപ്പെടുന്നു, വാര്‍ത്ത തീരുന്നതിന്റെ മ്യൂസിക്. ടെലിബ്രാന്റ്‌ഷോയുടെ സംഗീതം.കര്‍ട്ടന്‍ ഉയരുന്നു.
 സ്റ്റേജില്‍ മൂന്ന് പേര്‍ അദൃശ്യമായ ഒരു സൈക്കിളില്‍ സാമാന്യം വേഗതയില്‍ ചവുട്ടിക്കൊണ്ടിരിക്കുകയാണ് (അവര്‍ വേദിയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നുണ്ട്) സദസ്സിന് അടുത്തായി രണ്ട് പേര്‍ (അത് ആണാവാം പെണ്ണാവാം.) സംസാരിക്കാന്‍ തയ്യാറായി നില്ക്കുന്നു. റിയാലിറ്റിഷോയുടെ സംഗീതം വേണമെങ്കില്‍ കേള്‍പ്പിക്കാം.)
1 :(ടെലിബ്രാന്റ് ഷോയുടെ സ്ലാംഗില്‍) മാന്യപ്രേക്ഷര്‍ക്ക്  തീര്‍ച്ചയായും വലയിലാക്കും പ്രൊഡക്ഷന്റെ വീനീതമായ നമസ്‌കാരം ആദ്യമേ തന്നെ അറിയിക്കട്ടെ. ഇന്ത്യയില്‍ ഇദംപ്രഥമമായി ഞങ്ങള്‍ അവതരിപ്പിക്കുന്നു: മെഷീന്‍ ഫോര്‍ സെലിബ്രേഷന്‍. മലയാളത്തില്‍ പറയുകയാണെങ്കില്‍ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം.

2 അതെ, നിങ്ങള്‍  പുറത്തേക്ക് ജസ്റ്റ് ഒന്ന് കണ്ണോടിച്ച് നോക്കൂ. എങ്ങും ദുരിതങ്ങളുടെ പഴയ ജൂണ്‍ മാസമഴ തുടര്‍ച്ചയായി പെയ്യുന്നത് കാണാം. മരണങ്ങള്‍, വെള്ളപ്പൊക്കം, ബലാല്‍സംഗങ്ങള്‍, ഖനിയില്‍ കുടുങ്ങള്‍, തീവണ്ടിയപകടങ്ങള്‍,ആധികള്‍,വ്യാധികള്‍, അഴിമതി, കൊലപാതകം, രോഗങ്ങള്‍... സങ്കടം വന്ന് നിങ്ങളുടെ തപിക്കുന്ന ഹൃദയം തകരുന്നതിന്റെ ഒച്ച ഞങ്ങള്‍ക്ക് പോലും കേള്‍ക്കാം .് അതുകൊണ്ടാണ് തീര്‍ച്ചയായും വലയിലാക്കും പ്രൊഡക്ഷന്‍ ഇങ്ങനെയൊരു യന്ത്രവുമായി നിങ്ങള്‍ക്ക് മുന്ന്ിലേക്കെത്തുന്നത്...

1. നിങ്ങളുടെയുള്ളിലെ കുറ്റബോധത്തിന്റെയും സങ്കടങ്ങളുടേയും ഒറ്റപ്പെടലുകളുടേയും കടല്‍ നിങ്ങളില്‍ നിന്ന് എന്നേന്നുക്കുമായി മായ്ച്ച് കളയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

2. എന്നും നിങ്ങള്‍ സന്തോഷിച്ച് കൊണ്ടേയിരിക്കുക അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ലോകം ഇടിഞ്ഞു വീണോട്ടെ വലയിലാക്കും പ്രൊഡക്ഷന്റെ മെഷീന്‍ ഫോര്‍ സെലിബ്രേഷന്‍ നിങ്ങളെ സന്തോഷത്തിന്റെ ഉല്‍സവകാലത്തേക്ക് കൂട്ടിക്കൊണ്ട് പോവുമെന്ന് ഉറപ്പാണ്.

1. ഇതിന്റെ ജീവിച്ചിരിക്കുന്ന തെൡവായി ഇതാ ഇവരെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

കൂട്ടത്തില്‍ അത്യുല്‍സാഹപൂര്‍വ്വം ഒരു ഭ്രാന്തനെപ്പോലെ അവര്‍ക്ക് മുന്നിലൂടെ സൈക്കിള്‍ ചവുട്ടിക്കൊണ്ടിരിക്കുന്ന രവിയെ അവര്‍ വിളിക്കുന്നു.
2. മിസ്റ്റര്‍ രവീ.. യന്ത്രം ചവുട്ടുന്നത് അല്പനേരം സ്ലോമോഷനിലേക്ക് മാറ്റിവെച്ച് നിങ്ങളുടെ അനുഭവം ലോകത്തോട് ഒന്ന്് പങ്ക് വെയ്ക്കൂ....
രവി: അയ്യോ, അത് ശരിയാവൂമോ... ചവുട്ടുന്നതിന്റെ വേഗം കുറച്ചാല്‍ കിട്ടുന്ന സന്തോഷം കുറഞ്ഞ് പോവില്ലേ.. അറിയ്യോ,ഞാനിപ്പോള്‍ സന്തോഷത്തിന്റെ എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞു. എനിക്ക് ഇനിയും സന്തോഷം വേണം...അതുകൊണ്ട് സ്പീഡ് കുറക്കുന്ന പ്രശ്‌നമില്ല.
1. അല്്പനേരത്തേക്കല്ലേ രവീ... സ്ംസാരിച്ച് കഴിഞ്ഞ് പിന്നെ കൂടുതല്‍ വേഗം ചവുട്ടിക്കോളൂ.. നിങ്ങള്‍ക്ക് സന്തോഷത്തിന്റെ ബഹിരാകാശത്തേക്ക് എത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പ് തരുന്നൂ...
(ഒരല്പം ശങ്കയോടെ രവി വേഗത കുറയക്ക്ുന്നു.)
രവി: എം.എ കഴിഞ്ഞ് അപേക്ഷിക്കാനാവുന്ന കമ്പിനികളിലൊക്കെ അപേക്ഷ കൊടുത്ത് മുടിഞ്ഞ് എന്തിനിങ്ങനെയൊരു ജീവിതം എന്ന് ദീര്‍ഘമായി മനസ്സില്‍ നിലവിളിക്കും നേരമാണ് ഇങ്ങനെയൊരു യന്ത്രത്തെക്കുറിച്ച് കേട്ടറിയുന്നത്. ജീവിതം ആകെ മൊത്തം ടോട്ടല്‍ വലിയ ഒരു പരാജയം...പരാജയത്തിന്റെ ഒരു മോഹന്‍ലാല്‍ ചിത്രം പോലെ ഈ ഞാന്‍...
2: എന്നിട്ടോ രവീ..എന്നിട്ട് എന്തുണ്ടായീ....?
രവി:ഒരു  നിമിഷത്തേങ്കിലും സന്തോഷിക്കണം എന്ന വലിയ തീരുമാനത്തിന്റെ പുറത്താണ് ഈ യന്ത്രം വാങ്ങുന്നത്. ഉണ്ടായിരുന്ന വീടും പുരയിടവും വിറ്റു, അമ്മ നിലവിളിച്ചു എന്നത് സത്യം. അമ്മയെ വലിച്ചെറിയേണ്ടി വന്നൂ എന്നുള്ളത് വാസ്തവം. സന്തോഷം വേണമെങ്കില്‍ ഇതൊക്കെ വേണ്ടി വരുമെന്ന് എനിക്കുറപ്പായിരുന്നു. നിങ്ങള്‍ക്കും ഇതൊരു പാഠമാണ്. അങ്ങനെ ഇതിനകത്ത് കയറിയിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം. അനുഭവിക്കുന്ന സന്തോഷം, കളരിപരമ്പരഗുരിക്കളാണേ സത്യം ,വാക്കുകള്‍ കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല അതിനെ.  ഇപ്പോള്‍ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല  ഞാന്‍. സന്തോഷം സന്തോഷം അതുമാത്രം മതിയെനിക്ക്. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവരേ ഞാന്‍ പറയട്ടെ, നിങ്ങളും ഇത് വാങ്ങുക....

(രവി അവതാരകരോട് ഒന്ന് തല കുലുക്കി വീണ്ടും സൈക്കിളിന്റെ വേഗത കൂട്ടുന്നു...രവിയുടെ പ്രകടനം)

1. ഇതാ കേട്ടില്ലേ, രവിയുടെ സാക്ഷ്യപത്രം. ഇനി മിന്‍മിനി പറയുന്നത് കേള്‍ക്കൂ....
 മിന്‍മിനി സന്തോഷത്തോടെ സ്‌റ്റേജിന് മുന്നിലേക്ക് സൈക്കിള്‍ ചവുട്ടിവരുന്നു.
മിന്‍മിനി: വാക്കുകള്‍ കൊണ്ട് എനിക്ക് എന്റെ  ജീവിതം പ്രകടിപ്പിക്കാനാവുമോ എന്നറിയില്ല, എന്നാലും ആവും വിധം പറയാം കേട്ടോ.... വാക്കുകള്‍ കൊണ്ട് ജീവിതത്തെ പ്രകടിപ്പിക്കാനാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് സത്യമാണ്....
1. എന്താണ് മിന്‍മിനി പറയാന്‍ വരുന്നത്...?
മിന്‍മിനി: കല്ല്യാണം കഴിഞ്ഞ് വന്നത് തൊട്ട് എന്തോ ജീവിതം എനിക്ക്് കൊല്ലുന്നതിന് തുല്യമായി. സഹിക്കാന്‍ വയ്യാതായപ്പോള്‍, ഭര്‍ത്താവിന്റെ സ്വത്ത് എന്റെ പേരിലെഴുതിവെച്ച് ഞാന്‍ കഴിഞ്ഞ ന്യൂ ഈയര്‍ രാത്രി ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ മിലിട്ടറിക്കാരന്‍ അച്ഛനേയും സ്‌നേഹത്തിന്റെ വിഷം കൊടുത്തുകൊന്നു എന്നത് സത്യമാണ്. കേസ് നടന്നു. ഒരു വര്‍ഷം കഴിഞ്ഞ്് എല്ലാത്തില്‍ നിന്ന് ഊരി വരുമ്പോള്‍  കുറ്റബോധമാണോ എന്നറിയില്ല എന്റെ മനസ്സ് ശൂന്യത വന്ന് ഭ്രാന്ത് പിടിച്ചു. ഉറങ്ങാനോ തിന്നാനോ കുടിക്കാനോ കഴിയാതെ തകര്‍ന്ന് തരിപ്പിണമാവുമ്പോഴാണ് ഞാന്‍ ഈ യന്ത്രത്തെക്കുറിച്ചറിയുന്നത്. ഇതില്‍ക്കയറിയതില്‍പ്പിന്നെ നോ പ്രോബ്ലം.. ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ച് പോവുന്നൂ... എന്റെമ്മേ..... സന്തോഷം എന്നത് ഇത്രവലിയ സാധനമാണെന്ന ഞാന്‍ ഇപ്പോഴാ മനസ്സിലാക്കുന്നത്....!!
(മിന്‍മിനി സൈക്കിള്‍ ചവുട്ടി പിറകിലേക്കകലും നേരം മൂന്നാമന്‍ മുന്നിലേക്ക് വരുന്നു.)

3. മറ്റുള്ളവര്‍ പരിചയപ്പെടുത്തും മുന്നേ ഞാന്‍ സ്വയം പരിചയപ്പെടുത്താം. ഞാന്‍ നല്ലവാനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നൂ. എന്റെ അമ്മച്ചിയാണേ സത്യം... പക്ഷേ കൂടെയുളളവര്‍ കൈയ്യിട്ട് വീട്ടിലേക്ക് വാരിക്കൊണ്ട് പോവാനും കൊല്ലാനും തുടങ്ങിയപ്പോള്‍ എനിക്കെന്തോ അസ്വസ്ഥ്യം.(മുഖത്ത് ഒരു വിഷമം.). ഈ കുറ്റബോധം എന്ന സാധനം എന്റെ തലയില്‍ കയറി കുത്തിയിരിക്കാന്‍ തുടങ്ങി. ഇത് തെറ്റല്ലേ എന്ന് ചോദിച്ചും മുറുമുറുത്തും തുടങ്ങിയപ്പോള്‍ അവര്‍ക്ക് എന്നെ കണ്ണില്‍ കണ്ടാല്‍ കൂടാതെയായീ.. അവര്‍ എന്നെപ്പിടിച്ച് ഈ യന്ത്രത്തില്‍ കയറ്റി.. ഇതില്‍ കയറിയതോടെ ഞാന്‍ അനുഭവിക്കുന്ന ഒരു സുഖമുണ്ടല്ലോ.. സ്വര്‍ഗ്ഗം കണ്ട സുഖം എന്ന് രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞുകൂട എന്നാണ്.. എന്നാലും ഞാന്‍ ആവര്‍ത്തിച്ച് പറയുന്നൂ സുഹൃത്തുക്കളേ., ഈ ലോകത്തില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ് ഇവിടെയാണ്...!
(3 സൈക്കിളില്‍ തിരിച്ച് ചവുട്ടുന്നു.)  

1. കേട്ടില്ലേ, സുഹൃത്തുക്കളേ... തീര്‍ച്ചയായും ഇതൊരു നാഴികകല്ലാണ്... ജീവിതകാലം മുഴുവന്‍ സന്തോഷിക്കാനാഗ്രഹിക്കാത്ത മനുഷ്യരുണ്ടാകാതിരിക്കുമോ...
2. രാഷ്ട്രീയപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍,സംഗീതജ്ഞര്‍ തുടങ്ങീ കേരളത്തിലെ മിക്കവരും തീര്‍ച്ചായായും വലയിലാക്കും പ്രൊഡക്ഷന്റെ മെഷീന്‍ ഫോര്‍ സെലിബ്രേഷന്റെ കീഴിലാണ് ഇന്ന് എന്ന് ഊന്നിയൂന്നിപ്പറയാന്‍ ഞങ്ങളാഗ്രഹിക്കുന്നു.
1. ഇനി വരും നാളുകളില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നല്ല അറിയപ്പെടുക സന്തോഷങ്ങളുടെ സ്വന്തം നാട് എന്നായിരിക്കും...
2. സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക
1. ഞങ്ങളുടെ നമ്പര്‍...
2. 9846642578(ഇംഗ്ലീഷില്‍)
1. 9846642578(മലയാളത്തില്‍)
2. നിങ്ങളെ ഞങ്ങള്‍ കാത്തിരിക്കുന്നു....വിളിക്കുമല്ലോ...
(സ്‌റ്റേജില്‍ നിന്ന് എല്ലാവരും മറയും നേരം പരസ്യത്തിന്റെ ശബ്ദം ഉയരുന്നു)

(സ്റ്റേജിലേക്ക് ടിവിഷോ കണ്ട അച്ഛന്‍, അമ്മ , മകള്‍ എന്നിവര്‍ വരുന്നു.)
അച്ഛന്‍. ആ യന്ത്രം വാങ്ങിയാല്‍ മതിയായരുന്നൂ അല്ലേ ശാന്തേ....
അമ്മ: അതെയതെ.... ജീവിതം മുഴുവന്‍ ഇങ്ങനെ നരകം തിന്നിട്ടെന്തിനാ... ഒരു നേരമെങ്കിലും ഒന്ന് സന്തോഷിക്കേണ്ടേ....
അച്ഛന്‍: നീ പറഞ്ഞത് തന്നെ ശരീ ശാന്തേ...
അമ്മ: ഇങ്ങനെയുള്ള ജീവിതം ആര്‍ക്കും കൊടുക്കരുത്...
അച്ഛന്‍: അഞ്ച് സെന്റ് സ്ഥലവും പുരയിടവും ബാങ്കുകാര്‍ കടത്തിന്റെ പേരില്‍ കൊണ്ട് പോയി...

അമ്മ. ആദായമില്ലെന്ന് പറഞ്ഞ് നിങ്ങള്‍ പണിയെടുത്ത് കൊണ്ടിരുന്ന സ്ഥാപനം അടച്ചുപൂട്ടി...
അച്ഛന്‍: വാടക കൊടുക്കാത്തത് കൊണ്ട് വീട്ടുടമസ്ഥന്‍ ഇറക്കിവിട്ടു...
മകള്‍: ഈ രാത്രീ നമ്മള്‍ ഇനി എവിടെ പോകും അച്ഛാ...

അച്ഛന്‍: അറിയില്ല മോളേ...എനിക്കൊന്നുമറിയില്ല മോളേ....
അമ്മ. ഇരുട്ടിന് കൊടുങ്കാറ്റിനേക്കാളും ശക്തി കൂടുന്നൂവല്ലോ....
അച്ഛന്‍: നമുക്ക് ആത്മഹത്യ ചെയ്യാം....ആത്മഹത്യം പോലൊരു ഉത്തരം വേറെയില്ല മകളേ..
മകള്‍: അയ്യോ.. അങ്ങനെ പറയല്ലേ... അച്ഛാ...
അച്ഛന്‍: പിന്നെന്താ നമ്മള്‍ ചെയ്യുക...
(പെട്ടെന്ന് രണ്ട് പേര്‍ സ്റ്റേജിലേക്ക് ചാടി വീഴുന്നു. ഞെട്ടുന്ന അവര്‍.)

1. വഴിയുണ്ട്.. എല്ലാത്തിനും വഴിയുണ്ട്....
അമ്മ: എന്ത് വഴി.. പെരുവഴിയാലായവര്‍ക്കെന്ത് വഴിയാണ് അനിയന്മാരേ...?
2. വഴിയണ്ടെന്നേ. എല്ലാം മറക്കാനൊരു വഴിയുണ്ട്...
അച്ഛന്‍. പറയെന്നേ... എന്തു വഴി...?
1. നിങ്ങള്‍ ഞങ്ങളുടെ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം വാങ്ങൂ....എല്ലാ പ്രശ്‌നവും പരിഹൃതമാകൂം...
അമ്മ: ഹേ... നിങ്ങള്‍ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രത്തിന്റെ ആളുകളാണോ...എന്റമ്മേ..ഞങ്ങളതേപ്പറ്റീ ഇപ്പോള്‍ സംസാരിച്ചതേ ഉള്ളൂ....
2. അതെ ഞങ്ങളാണ് ലോകത്തിന്റെ സന്തോഷം ഉല്‍പ്പാദിപ്പിക്കുന്നവര്‍....
അമ്മ: ഞങ്ങള്‍ക്ക് അത് വാങ്ങണമെന്ന് തീവ്രമായ ആഗ്രഹമൊക്കെയുണ്ട്... പക്ഷേ നായാപൈസയില്ല, കൈയ്യിലൊരു നായപ്പൈസയില്ല...
അച്ഛന്‍: അതെ, അതുതന്നെ...
1. അതിനൊക്കെ വഴിയുണ്ടെന്നേ..
അമ്മ: എന്ത് വഴി.....
2. വഴിയുണ്ട് അതിന് നിങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിക്കണം....(മകളിലേക്കേ് വികാരപൂര്‍വ്വം കണ്ണ് തുറപ്പിച്ച്)
അമ്മ: എന്ത് വിചാരം..തെളിച്ച് പറ ഹേ...
1. സ്ത്രീധനം ഒരു പുണ്യധനമാണല്ലോ... ഈ സ്ത്രീധനത്തെ ഞങ്ങള്‍ക്ക്് തന്നാല്‍ നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷിക്കാം...സന്തോഷിച്ച് കൊണ്ടേയിരിക്കാം....
(2 മകളെ പിടിക്കാന്‍ ആയുന്നു. മകള്‍ 'അച്ഛാ...' എന്ന് നിലവിളിച്ച് അച്ഛനടുക്കുന്നു. )
അച്ഛന്‍: തോന്ന്യാസം കളിച്ചാലുണ്ടല്ലോ.. (എന്ന് 2-ന്റെ കോളര്‍ പിടിക്കുന്നു.)
അമ്മ: കടക്കെടാ തെണ്ടികളേ ഇവിടുന്ന്....
(2 അച്ഛനെ തള്ളിവിഴ്ത്തുന്നു. 1 മകളുടെ കൈ പിടിക്കുന്നു. അവളുടെ നിലവിളി. തടയാന്‍ ശ്രമിക്കുന്ന അമ്മ. 1 ഇരുകൈകളിലും അദൃശ്യയന്ത്രവുമെടുത്ത് വരുന്നു.  യന്ത്രം സ്റ്റേജിലുറപ്പിച്ച് 1 അച്ഛനേയും അമ്മയേയും ബലം പ്രയോഗിച്ച് അതിലിരുത്തിപ്പിക്കുന്നു. നിലവിൡയോടെ ഇരിക്കേണ്ടി വരുന്ന അവര്‍. മകളെ സ്്‌റ്റേജിന് പിറകിലേക്ക് വലിച്ചിഴയ്ക്കുന്ന 2.
സ്റ്റേജില്‍ സങ്കടപൂര്‍വ്വം ചവുട്ടിതുടങ്ങുന്ന അച്ഛനുമമ്മയും. പതുക്കെപതുക്കെ അവരുടെ മുഖത്ത് സന്തോഷം പരക്കുന്നു. കൈരളിച്ചാനലിന്റെ പ്രധാനവാര്‍ത്ത വായിക്കപ്പെടുന്നു, വാര്‍ത്ത തീരുന്നതിന്റെ മ്യൂസിക്.)  

(സുഹൃത്തും സംവിധായകനുമായ ഉണ്ണിരാജ് എന്ന ഉണ്ണിയേട്ടന് കണ്ണൂര്‍ സര്‍വ്വകലാശാലകലോല്‍സവത്തില്‍ മല്‍സരിക്കുന്നതിനായി എഴുതിക്കൊടുത്ത പത്ത് മിനുട്ട് സ്‌കിറ്റ്.)

Tuesday, May 17, 2011

ശരിയാകും

ആറരയാകുമ്പം എല്ലാം ശരിയാകും. 
സത്യം ശരിയാകുമെന്നേ..ശരിയാകും.
സത്യായിട്ടും ശരിയാകും
പ്ലീസ്, ഒന്നെന്നെ വിശ്വസിക്കൂ,ശരിയാകും..
പ്ലീസ്..

അല്ല,ശരിയാകില്ലേ..?
ഹേയ്,ശരിയാകും..

ശരിയാകും?
ശരി...?

അല്ല, എന്താണ് ഈ ശരിയും തെറ്റും...

തെറ്റാകും...
ആറരക്ക് എല്ലാം തെറ്റാകും..

Labels