ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Monday, October 15, 2012

തിക്കും തിരക്കും


തിരക്കുള്ള ദിക്കില്‍
പതുക്കെ നടക്കുകയാണെങ്കില്‍
തിരക്ക് നമുക്ക് പതുക്കെ ആയിപ്പോവും.
അത് പോലെ
പതുക്കെയുള്ള ദിക്കില്‍
തിരക്കിട്ട് നടക്കുകയാണെങ്കില്‍
പതുക്കെ നമുക്ക്
തിരക്കായിപ്പോവും.

Friday, August 10, 2012

പുല്ലിന്‍കൊട്ട


ഈ പുല്ലിന്‍കൊട്ടേലാണ് സ്‌കൂളില് വിട്ട് ബാക്കികിട്ട്ന്ന ബൈന്നേരം ഞാങ്ങൊ ബീട്ട്‌ലെ പയ്യിനും കടച്ചിക്കുമായ് അത്തിത്തോലും കറുകയും മയ്യയും മൊത്തളും കുത്തിനെറക്കല്... പുല്ലിന്റെ എടക്ക് കൊള്ളീം കേങ്ങും അടക്കേം കട്ട് ബെക്കല് മ്ണ്ട്..ചെല്ലപ്പം റാക്കും ഇര്‍ക്കി ബെക്കല്ണ്ട്. നാല്പത്തിയേഴില്‍ത്തെ പുള്ളമ്മാറ് ഈ കൊട്ടേലേ പുല്ലിന്റട്ക്ക് പാര്‍ട്ടിക്കത്ത് ഒളിപ്പിച്ച്റ്റ് എകെജിക്കും ഇകെ നായന്നാര്‍ക്കും കൊണ്ട്‌കൊട്ക്കല്മ്ണ്ട്. (ഫോട്ടോ: നവ്യ.വി.കെ)

Thursday, July 26, 2012

കൂടല്‍
പച്ചക്കറി വില കൂടി
പെട്രോളിന് വില കൂടി
വൈദ്യുതിച്ചാര്‍ജ്ജ് കൂടി
പെന്‍ഷന്‍ പ്രായം കൂടി
എംഎല്‍മാരുടെ ശമ്പളം കൂടി
മദ്യത്തിന് വില കൂടി
മന്ത്രിമാരുടെ സുഖം കൂടി
അഴിമതി കൂടി
കുന്നിടിക്കല്‍ കൂടി
വയല്‍നികത്തല്‍ കൂടി
തൊഴിലില്ലായ്മ കൂടി
സ്ത്രീപീഡനം കൂടി
വെറുപ്പ് കൂടി
കൈയ്യേറ്റം കൂടി
ആത്മഹത്യ കൂടി
എല്ലാം അങ്ങനെ കൂടിക്കൂടി മഴപെയ്തു.
പെയ്ത് പെയ്ത് ഇടി മുട്ടി.
മുട്ടി മുട്ടി മമ്മൂട്ടി.
സത്യം,
ജീവിതം ശരിക്കും ഒരു കൂടല്‍ തന്നെയാണ്.
വൈകുന്നേരം നമുക്കൊന്ന് കൂടിയാലോ...


Saturday, June 2, 2012

മാഷ്കുഞ്ഞിരാമന്‍ മാഷ് പേടിപ്പിച്ച് വിട്ട കണക്കിന്റെ വഴിക്ക് ഞാന്‍ പിന്നെ പോയിട്ടില്ല...
പിന്നെ കുറേ വര്‍ഷം കഴിഞ്ഞ് കാരിച്ചിയേട്ടിയുടെ വീട്ടില്‍ റാക്ക് (ചാരായം ചാരായം) കുടിച്ചിരിക്കെ അവിടുത്തേക്ക് കുഞ്ഞിരാമന്‍ മാഷ് വന്നു.
ഞാന്‍ കണക്ക് പേടിച്ച് അപ്പുറത്ത് കൂടി പായാന്‍ നോക്കുമ്പം കുഞ്ഞിരാമന്‍ മാഷ് എന്നെ കൈ കൊട്ടിവിളിച്ചു.
മാഷും ഞാനും ആയി പിന്നെ കമ്പിനി.
ഫിറ്റ് ആകാശം തൊട്ടപ്പോള്‍ ഞാന്‍ മാഷിനെ 'ഡാ,കുഞ്ഞിരാമാ…' എന്നൊരൊറ്റ വിളി...
'എന്തോ...' എന്ന് മാഷ്.
'ആറും മൂന്നും ഗുണിച്ചാല്‍ എത്രയാടാ..'
ഞാന്‍ ചോദിച്ചു.
'24'
'കൈ നീട്ടെടാ...'
ഞാന്‍ ആജ്ഞ ചെയ്തു.
മാഷ് കൈ നീട്ടി.
കൈവെള്ള മുഖത്തോട് ചേര്‍ത്തുപിടിച്ച് ഞാന്‍ കരഞ്ഞു എന്നാണ് ഓര്‍മ്മ.
അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു...

Friday, January 27, 2012

തോന്നികാറ്റ് വരുന്നതും പോകുന്നതും
ഒരേ ദിശയില്‍ നിന്നല്ലെന്നത് പോലെ
തന്നെയാണ്
ജീവിതവും..
വഴികള്‍ വിഭിന്നം..
രീതികളും...

****

എല്ലാം മടുക്കും
കണ്ടുകൊണ്ടിരിക്കുമ്പോള്‍
അറിഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍
മടുക്കില്ലെന്ന് പറയുന്നത് ഒരു വലിയ കള്ളമാകുന്നു...

***

ജീവിതം എന്നത് അര്‍ത്ഥമില്ലാത്ത ഒരു സംഗതി തന്നെയാണ്.
ഏതെങ്കിലും ഒന്നിലേക്ക് ആത്മാര്‍ത്ഥമായി സമീപിക്കപ്പെടുമ്പോള്‍
നമ്മള്‍ ജീവിച്ചു എന്ന് പറയാം.
അപ്പോഴും ജീവിതം അര്‍ത്ഥമില്ലാതായിത്തന്നെ തുടരുന്നു.

***

തോറ്റ് പോകുന്നവരെയാണ് സ്ത്രീകള്‍
കൂടുതല്‍ ഇഷ്ടപ്പെടുക
വിജയത്തിന്റെ ഉന്മത്തതകളില്‍ കണ്ണടച്ചിരിക്കുന്നവരേക്കാള്‍...
എന്നാല്‍
ആഗ്രഹിക്കുന്നത് വിജയികളയെന്ന് മാത്രം...

***
മരണപ്പെടുന്നു എന്ന അവസ്ഥ പോലെ തന്നെയാണ്  ജീവിതവും..
നമ്മളെല്ലാം മരിച്ചവരാണ്
എന്ന് പറയുന്നത് പോലെ തന്നെയാണ് 
ജീവിക്കുന്നവരാണ് എന്ന് പറയുന്നതും..

****

പ്രണയിക്കുമ്പോള്‍ 
അതിരുകള്‍ നിശ്ചയിക്കരുത്.
ആളുകളെ നോക്കരുത്..
ഒന്നും നോക്കരുത്..
ഒന്നും കാണരുത്..
ഒന്നും അറിയരുത്...

***
എല്ലാ സ്‌നേഹത്തിലും ഒരു യൂദാസ് ഉണ്ട്...
മരണമെന്ന യൂദാസ്...

***

പഴയ ചൊല്ല് തന്നെ
കാമത്തിന് കണ്ണില്ല...Labels