ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Friday, November 25, 2011

നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്...?

ടി.വി.കൊച്ചുബാവ ഓര്‍മ്മയായിട്ട് നവംബര്‍ 25ന് 11 വര്‍ഷം.
''എത്രകാലമാണ് ഒരാള്‍ സംഗീതം കേള്‍ക്കുക? എത്ര കാലമാണ് ഒരാള്‍ പുസ്തകങ്ങള്‍ വായിക്കുക? എത്ര കാലമാണ് ഒരാള്‍ മദ്യപിക്കുക? ഏകാകികളുടെ ദിവസങ്ങള്‍പോലെ കടുത്തതായി മറ്റെന്തുണ്ട്?''- ടി.വി.കൊച്ചുബാവ.

കഥയിലെ ധിക്കാരിയായിരുന്നൂ കൊച്ചുബാവ. കറുപ്പായിരുന്നൂ കൊച്ചുബാവയ്ക്ക് ഭാഷ. കെട്ടജീവിതങ്ങളെക്കുറിച്ചായിരുന്നൂ കൊച്ചുബാവയുടെ എഴുത്ത്. ആര്‍ത്തികള്‍ക്കടിയില്‍ ഓടിക്കളിക്കുന്ന മനുഷ്യജീവിതങ്ങളെ കഥകളിലേക്ക് തൂക്കിയെടുത്ത് വെച്ച് കൊച്ചുബാവ വായനക്കാരെ വിളിച്ചുകാണിച്ചു. കൊലപാതകികളും ജാരന്മാരും പള്ളിയലച്ചന്മാരും കള്ളന്മാരും അധ്യാപകരും വൃദ്ധന്മാരും വൃദ്ധകളും വേശ്യകളും കുടംബസ്ത്രീകളും കുടുംബപുരുഷന്മാരും സര്‍ക്കസ്സുകാരും ബുദ്ധിജീവികളും കുട്ടികളും കൊച്ചുബാവയുടെ കഥകളില്‍ നിരന്നുനിന്നു. തിന്മയുടെ വെളുത്തവസ്ത്രം ധരിച്ച് അവര്‍ വായനക്കാരെ നോക്കിപല്ലിളിച്ചു. തിന്മയായിരുന്നൂ കൊച്ചുബാവക്കഥകളിലെ ആയുധം. ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച് വെച്ച നേരില്ലായ്മകളുടേയും കപടതകളുടേയും അഴുക്ക് കൊച്ചുബാവ പുറംലോകത്തിന് കാട്ടി. മരുഭൂമികള്‍ പോലെ നമ്മുടെ ജീവിതം വരണ്ടുപോവുന്നതെന്തേ എന്ന് കഥകളിലൂടെ ആകുലപ്പെട്ടു. ജീവിക്കുന്ന കാലത്തിന്റെ കഥകളായി അവ. വരാന്‍ പോകുന്ന കാലത്തിന്റേയും. വായിച്ച് നെറ്റിചുളിച്ചവരോട് കൊച്ചുബാവ പറഞ്ഞു: ''കേള്‍ക്കുന്നുണ്ട്, ജീവിതത്തെ ഏങ്കോണിച്ചുകാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നത്. കുറ്റം ശിരസാവഹിക്കുന്നു. സുന്ദരമായ തൊലിക്കപ്പുറത്തെ എല്ലാ വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യമധുരമായ കാറ്റിനെക്കുറിച്ചും കിളികളെക്കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല. കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞുകൊണ്ട് കപ്പയിലക്കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താത്പര്യവും. ഈ സൗഖ്യത്തിലിരുന്ന് ആഴത്തിലേക്കു നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ...? കുപ്പത്തൊട്ടിക്കുമേലെ പിണഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്തമുനയിലുയര്‍ന്ന് ആകാശം കാണുന്ന ആമിനയുടെ കെട്ട്യോനും റെയില്‍വേ ട്രാക്കില്‍ ജാരസന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പുചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിന്റെ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരുപരുത്തുപോകുന്നു അതൊക്കെ.'' കൊച്ചുബാവയുടെ തന്നെ ഒരു കഥയുടെ തലക്കെട്ട് പോലെ കഥയും ജീവിതവും ഒട്ടിച്ചുചേര്‍ത്തുള്ള എഴുത്ത്. കഥ വായിച്ചവര്‍ കഥയാണോ ജീവിതമാണോ എന്ന ആശ്ചര്യത്തില്‍ ചകിതരായി. എത്തിപ്പിടിക്കാനാവാത്ത ക്രാഫ്റ്റും ഭാഷയും കൊച്ചുബാവയുടെ പേറ്റന്റ്. വായനക്കാരെ കഥയിലേക്ക് അതിദ്രുതം വലിച്ചുകൊണ്ടുവന്ന് വായിപ്പിച്ചു. പ്രമേയം കൊണ്ടും പരിചരണം കൊണ്ടും ഓരോ കഥയും ഒന്നിനൊന്ന് വ്യത്യസ്തമായി. കൊച്ചുബാവയുടെ ആദ്യകഥാസമാഹാരത്തിന്റെ പേര് പോലെ 'ഒന്നങ്ങനെ ഒന്നിങ്ങനെ'. കാല്പനികപാത അന്യവും കഥയുടെ മാന്ത്രികത അരികത്തുമായിരുന്നൂ കൊച്ചുബാവയ്ക്ക്. മുതിര്‍ന്ന ഒരാള്‍ കൊച്ചുകുട്ടികളോട് കഥ പറയുന്നത് പോലെ കൊച്ചുബാവ കഥയുണ്ടാക്കി. കഥയെഴുത്തുകാരനേക്കാള്‍ കഥ പറച്ചിലുകാരനായിട്ടാണ് കൊച്ചുബാവ അനുഭവപ്പെടുത്തിയത്. കഥയ്ക്ക് വേണ്ടിയായിരുന്നൂ കൊച്ചുബാവയ്ക്ക് ജീവിതം. കഥയ്ക്കപ്പുറം വേറൊന്നുമില്ലെന്ന ഉറച്ചവിശ്വാസം കൊച്ചുബാവയ്ക്കുണ്ടായി. അതുകൊണ്ട് തന്നെ കഥയും കൊച്ചുബാവയും ആത്മമിത്രങ്ങളായിരുന്നു. ഒരു ചരിത്രകാരനെ പോലെ കേരളീയജീവിതത്തെ കണ്ടെഴുതീ കൊച്ചുബാവ.

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വൃദ്ധസദനം എന്ന നോവലുമായി ബന്ധപ്പെടുത്തിയാണ് കൊച്ചുബാവയെ മലയാളിവായനസമൂഹം കണ്ടതും കണ്ടുകൊണ്ടിരുന്നതും കാണുന്നതും. വൃദ്ധസദനങ്ങള്‍ കേരളത്തിന്റെ സ്റ്റാറ്റസ് സിമ്പലായി കടന്നുവരും മുമ്പേ എഴുതപ്പെട്ട നോവലായിരുന്നൂ വൃദ്ധസദനം. അതുകൊണ്ട് തന്നെ അക്കാലത്ത് അത് മലയാളിജീവിതത്തിന് എഴുത്ത് കൊണ്ടുള്ള ഒരടിയായി. വൃദ്ധസദനം എഴുതിയ കൊച്ചുബാവയേക്കാള്‍ കഥകള്‍ എഴുതിയ കൊച്ചുബാവയെയാണ് ഇഷ്ടം വരുത്തുന്നത്. ഒരു പാട് കഥകള്‍. കഥകള്‍ കൊണ്ട് വലിയ വലിയ നോവലുകളെ വെല്ലുവിളിക്കുന്ന മാസ്മരികാനുഭവം തീര്‍ക്കാന്‍ കൊച്ചുബാവയ്ക്ക് കഴിഞ്ഞു. ഒരു കഥയുടെ തലക്കെട്ട് പോലെ 'നിങ്ങള്‍ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അല്‍ഭുതമെന്ത്?' എന്ന ചോദ്യത്തിനുത്തരം പറയുകയായിരുന്നൂ കൊച്ചുബാവ തന്റെ കഥകളിലൂടെ. കൊച്ചുബാവ തീര്‍ത്ത കഥയുടെ മായാജാലങ്ങള്‍ എന്നും നമ്മെ അല്‍ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.

പത്താംക്ലാസ്സ് കഴിഞ്ഞ് കൈയ്യും കാലും വെറുതെയിരിക്കുന്ന സമയത്ത് കണ്ണട കരയുന്നു എന്ന പേരില്‍ ഒരു കഥ ഗള്‍ഫ് വോയ്‌സിന് അയച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞ് എന്നെ തേടിയെത്തിയ കത്തായിരുന്നൂ കൊച്ചുബാവ ഉണ്ടാക്കിയ വലിയ ഓര്‍മ്മ. വളരെ ഭംഗിയുള്ള അക്ഷരങ്ങളില്‍ ഗള്‍ഫ് വോയ്‌സിന്റെ ലെറ്റര്‍ പാഡില്‍ വന്ന ആ നീണ്ട കത്തില്‍ കഥയെക്കുറിച്ചും കഥയെഴുത്തിനെക്കുറിച്ചും എഴുത്തിലേക്ക് എത്തപ്പെടാനാഗ്രഹിക്കുന്ന ഒരാള്‍ക്ക് വേണ്ടതെല്ലാം ഉണ്ടായിരുന്നു. ആ കഥയ്ക്ക് ഗള്‍ഫ് വോയ്‌സില്‍ വരാന്‍ യോഗമുണ്ടായില്ല. വൈകാതെ ഗള്‍ഫ് വോയ്‌സ്  അടച്ചുപൂട്ടി. ആ കത്ത് ഇപ്പോഴില്ല, കൊച്ചുബാവയും.
ബാവക്കയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം.

No comments:

Post a Comment

Labels