ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Wednesday, November 30, 2011

ഞാന്‍ ഞാനെന്ന ഭാവങ്ങളേ...


ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (നവംബര്‍ 21-28, 2011) വന്ന വലിയ ചോദ്യങ്ങളും ചെറിയ ഉത്തരങ്ങളും. ചോദ്യങ്ങള്‍ ചോദിച്ചത് സുരേഷ്. പറഞ്ഞത് ഞാന്‍ തന്നെയാണെന്ന് തോന്നുന്നു..

ഗ്രാമ്യജീവിതത്തെ ആവിഷ്‌കരിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന കഥാകാരനാണ് ഷാജി കുമാര്‍. ദേശത്തിന്റെ ജീവിതത്തെ എഴുതുമ്പോള്‍ മാറുന്ന കാലം, കുതറിയോടുന്ന ഗ്രാമ്യജീവിതം, അതിജീവനത്തിന്റെ വഴി തുടങ്ങിയവയൊക്കെ ഉണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ മലയാളകഥയടുടെ വര്‍ത്തമാനത്തെ വിലയിരുത്താമോ..?
സര്‍ഗ്ഗാത്മകരചനകളില്‍  ശക്തമായ ആവിഷ്‌കാരമാധ്യമം എന്ന നിലയില്‍ ഇന്ന് ഏറ്റവും സജീവമായി നില്ക്കുന്നത് ചെറുകഥയാണ്, ഉസൈന്‍ബോള്‍ട്ടിനെപ്പോലെ രണ്ട് കാതം മുന്നില്‍. എന്‍.എസ്.മാധവിന്റെ തിരുത്തിലെ ചുല്യാറ്റിന്റെ കൈയ്യിലെ ഉളി പോലെ മൂര്‍ച്ച കൂടിയ പെന്‍സിലാണ് ചെറുകഥയ്ക്ക് പഥ്യം. നോവലും കവിതയുമൊക്കെ തെളിയണമെങ്കില്‍ വീണ്ടും വീണ്ടും കുടയണം, ചിലപ്പോള്‍ ഷര്‍ട്ടില്‍ കറയാവും.

കഥയിലെ നവഭാവുകത്വവും നാടോടിപാരമ്പര്യവും എങ്ങനെയാണ് കൂട്ടിയിണക്കുന്നത്..?
മടിക്കൈ എന്ന ഇടതുപക്ഷവിശ്വാസത്തിലടിമപ്പെട്ട ഒരു ഗ്രാമത്തിലെ കാലിച്ചാംപൊതി എന്ന സ്ഥലത്ത് ജനിച്ചതിന്റേയും പല നഗരങ്ങളില്‍ ജീവിച്ചതിന്റേയും ജീവിക്കുന്നതിന്റേയും പ്രയോജനം എഴുതുമ്പോള്‍ കിട്ടാറുണ്ടെന്നാണ് വിശ്വാസം. തെയ്യം, കമ്മ്യൂണിസം, ഉന്മാദം, ആത്മഹത്യകള്‍, ദാരിദ്ര്യം, കൃഷി, ദളിതര്‍, ആചാരങ്ങള്‍ തുടങ്ങിയവയുടെ സമ്പന്നമായ സംയോജനം മടിക്കൈയില്‍ ഉണ്ട്. എഴുതാനിരുന്നാല്‍ ഒരു നൂറ്കൂട്ടം കഥകള്‍ വേണമെങ്കില്‍ കണ്ടെടുക്കാന്‍ കഴിയുന്ന ഒരു നാട്. അങ്ങനെയുള്ള അനുഭവപരിസരമുള്ള ഒരു നാടിനെ നഗരത്തില്‍ നിന്ന് നോക്കുമ്പോള്‍ സംഭവിക്കുന്നതാവാം അത്.

നിലപാടില്ലാതെ കുഴങ്ങുന്ന ജീവിതം രാജാവിന്റെ മക്കളില്‍ കാണാം. എഴുത്തില്‍ ഈ രാഷ്ട്രീയത്തെ സ്വീകരിക്കാനെന്താണ് കാരണം.?
സത്യസന്ധമായ നിലപാടോടെ ജീവിക്കുന്ന മനുഷ്യര്‍ വംശനാശഭീഷണിയിലാണെന്ന സ്ഥിതിവിവരറിപ്പോര്‍ട്ടില്‍ നിന്നാണ് രാജാവിന്റെ മക്കള്‍ എന്ന കഥയുടെ പിറവി. നിലപാടില്ലായ്മകളുടെ ചതുപ്പുനിലത്തിലാണ് മലയാളിയുടെ നടപ്പ്.  ഇടതുപക്ഷാശയങ്ങള്‍ മുദ്രാവാക്യത്തില്‍ ചുരുട്ടി ആകാശത്തേക്ക് വലിച്ചെറിഞ്ഞ് അടുത്ത നിമിഷം ജോല്‍സ്യന്റെയടുത്ത് പോയി മകളുടെ വിവാഹപ്പൊരുത്തം നോക്കുന്ന ഇടതുപക്ഷഅവിശ്വാസികള്‍ ധാരളമുണ്ട് പരിചയക്കാരായി.  മാതാ അമൃതാനന്ദമയി മഠത്തിന് സംഭാവന കൊടുക്കുന്ന അതേ മനോഭാവത്തോടെ പാര്‍ട്ടിഫണ്ടിലേക്ക് ഉദാരമനസ്‌കനാവാന്‍ മലയാളിക്ക് യാതൊരു മടിയുമില്ല, എല്ലാം ശരിയാണ് മലയാളിക്ക്. കമ്മ്യൂണിസം ശരിയല്ലേ എന്നൊരാള്‍ ചോദിച്ചാല്‍ ശരിയാണ്. അപ്പോള്‍ ശാഖാപ്രവര്‍ത്തനം ശരിയല്ലെന്നാണോ പറയുന്നേ എന്ന് മറുചോദ്യം വന്നാല്‍ ഒറ്റയടിക്ക് ഉത്തരം കിട്ടും, അതും ശരിയാണ്. പണം പലിശയ്ക്ക് കൊടുക്കുന്നത് ശരിയാണ്, സ്ത്രീധനം വാങ്ങുക തന്നെ വേണം, ആത്മഹത്യ ചെയ്യുന്നത് ശരി, ബലാല്‍സംഗം ചെയ്യുന്നതില്‍ എന്താ ഇപ്പോള്‍ ഇത്ര വലിയ തെറ്റ്, രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാവുന്നതില്‍ ഒരു തെറ്റുമില്ല, അങ്ങനെയങ്ങനെ തെറ്റ് ശരി എന്നൊന്നില്ല, വലിയൊരു ശരിയാണ് ജീവിതമെന്ന് തീരുമാനിക്കുകയും സമരസത്തിന്റെ റബ്ബറൈസ്ഡ് റോഡില്‍ ജീവിതത്തിന്റെ ഇന്നോവ സുഖസുന്ദരമായി ഓടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നൂ നമ്മള്‍. രാജാവിന്റെ മക്കള്‍ വരുന്നത് ഇവിടെ നിന്നാണ് .

അപചയങ്ങളുടെ ദുരന്തഭൂമിയില്‍ നില്ക്കുന്നവരുടെ ജീവിതം, ഉപഭോഗതാല്‍പര്യം, അധിനിവേശം എന്നിവ ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗിലും പഞ്ചതന്ത്രം കഥയിലുമുണ്ട്. കഥകളെ ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അധികമാരും തയ്യാറാവാത്തപ്പോള്‍ നമ്മുടെ കഥാന്തരീക്ഷത്തെക്കുറിച്ച് എന്തുപറയും..?
ഉള്ളിലും പുറത്തും ഒരു ഇടതുപക്ഷമുണ്ട്. ജനിച്ച തൊട്ട് കണ്ടതും കേട്ടതും കമ്മ്യൂണിസമായിരുന്നു. ഇടപെട്ടതും ഇടതുപക്ഷത്തിലൂടെയായിരുന്നു. സ്‌കൂളിലും ക്യാമ്പസിലും പഠിക്കുമ്പോള്‍ എസഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. ജയിലില്‍ കിടന്ന് ചപ്പാത്തി വരുന്നതിന് മുന്നേ ഗോതമ്പുണ്ട തിന്നിട്ടുണ്ട്. എഴുതുമ്പോള്‍ സമരസ്വാഭാവം ഉണ്ടാവുന്നത് അങ്ങനെയാവാം, അത് പരിമിതിയുമാണ്. ഇടതുപക്ഷത്തില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഉള്ളിലുള്ള ഇടതുപക്ഷക്കാരന്‍ എഴുതിപ്പിക്കുന്നതാണ്. സഹഎഴുത്തുകാര്‍ ഇങ്ങനെ രാഷ്ട്രീയമായി എഴുതണം എന്ന് പറയാന്‍ ആളല്ല ഞാന്‍.

കഥകളില്‍ ഷാജി തിരഞ്ഞെടുക്കുന്ന മികച്ച രചന ഏതായിരിക്കും. അതിനെ വിലയിരുത്തിയാല്‍..?
കഥയെഴുത്ത് എന്നുള്ളത് ഏറെ അദ്ധ്വാനം പിടിച്ച പണിയായിട്ടാണ് തോന്നുന്നത്. നമ്മളെ ലോകത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെടുത്തുന്ന പ്രവൃത്തിയാണത്. എല്ലാത്തിനോടും ദേഷ്യം തോന്നിക്കുന്ന ഒന്ന്. എല്ലാവരും തള്ളിപ്പറഞ്ഞാലും എഴുതിയ കഥകളോടെല്ലാം വലുതായ ആത്മബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ട കഥ എന്ന ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. എന്നാലും ബൂര്‍ഷ്വാസിയുടെ സ്‌പെല്ലിംഗ്, പഞ്ചതന്ത്രം കഥ, ജനം, ഈശ്വരന്റെ തുപ്പല്‍, ഒറ്റ, വെയില്‍,മഴ,മുസ്തഫ etc,18+, മരണത്തെക്കുറിച്ച് ഒരു ഐതിഹ്യം, പൊക്കന്‍, നഗരത്തിലെ മഴ, ഉച്ചമഴയിലെ തുമ്പികള്‍ എന്നീ കഥകള്‍ വ്യക്തിപരമായ അനുഭവങ്ങളായത് കൊണ്ടാവാം കുറച്ചുകൂടുതല്‍ അടുപ്പം കാണിക്കുന്നു.

ജീവിതം വഴിവക്കിലുപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്നു. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതില്ലെന്ന് പുതിയ കാലം വിളിച്ചുപറയുന്നു. ഒരൂ കഥാകൃത്ത് എന്ന നിലയില്‍ എന്ത് പറയുന്നു..?
മൂല്യങ്ങളുടെ നിര്‍വ്വചനം മാറി എന്നുള്ളതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തമായി തോന്നുന്നത്. കട്ടവന്‍ കാര്യക്കാരനാകുന്ന കാലം. പണത്തിന് മേലെ പരുന്തും കോടതിയും മുഖ്യമന്ത്രിയും പ്രതിപക്ഷവും പറക്കുകയോ ഇരിക്കുകയോ ചെയ്യില്ല എന്നതാണ് ഈ കാലത്തിന്റെ സത്യം. പുതിയ കാലം മൂല്യങ്ങള്‍ വേണ്ട എന്ന് വിളിച്ച് പറയുന്നുണ്ടെങ്കിലും ചരിത്രഭാരമില്ല എന്ന് സാംസ്‌കാരികരംഗത്തെ വലിയവര്‍ അധിക്ഷേപിക്കുന്ന പുതിയ തലമുറ അത് അത്ര കണ്ട് കേള്‍ക്കുന്നില്ല എന്നാണ് തോന്നുന്നത്. ചരിത്രത്തിന്റെ ഭാരം താങ്ങി സമയം കളയാതെ അവര്‍ അവരുടെ ജീവിതം ജീവിക്കുന്നു. കപട സദാചാരത്തിന്റെയോ ഗൃഹാതുരത്വത്തിന്റേയോ കുരിശ്ശില്‍ തറക്കപ്പെടുന്നില്ല അവര്‍. എന്ന് വെച്ച് മുന്‍ഗാമികളുടെ ജീവിതത്തെ നിഷേധിക്കുവാന്‍ ഒന്നും അവര്‍ക്കാഗ്രഹമില്ല. അവരെ അവരുടെ പാട്ടിന് വിടുന്നു. തങ്ങളെ തങ്ങേളുടെ പാട്ടിന് വിടൂ എന്നവര്‍ പറയുന്നു. അവര്‍ പഴയ തലുമറയുടെ ചരിത്രം അറിഞ്ഞെന്ന് വരില്ല. പക്ഷേ അവര്‍ മുന്‍ഗാമികളെ അംഗീകരിക്കുന്നു. രാഷ്ട്രീയമായ ഉള്‍കാഴ്ചയോ വലിയ പുസ്തകങ്ങള്‍ വായിച്ച അറിവോ ഇല്ലെങ്കിലും ജീവിക്കുന്ന ജീവിതത്തോട് സത്യസന്ധത പുലര്‍ത്താനുള്ള ആര്‍ജ്ജവം എന്റെ ജനറേഷനുണ്ട്. ഒന്നുമില്ലെങ്കിലും അന്യന്റെ സങ്കടങ്ങള്‍ വെറുതേ കേട്ടുനില്ക്കുന്നതിനപ്പുറം പബ്ലിസിറ്റിക്കല്ലാതൈ ഇടപെടാന്‍ ആഗ്രഹിക്കുന്ന തലമുറയാണ് ഞങ്ങളുടേത് എന്നാണ് സ്വയമനുഭവത്തില്‍ നിന്ന് തോന്നിയത്. ഇടതുപക്ഷം എന്നാല്‍ അതുതന്നെയാണ്. ബ്ലാ ബ്ലാ എന്ന് പറഞ്ഞുനടക്കുന്നതിനപ്പുറം തന്റേതായി രീതിയില്‍ ഇടപെടുക എന്നുള്ളതാണ് പ്രധാനം. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പീഡനക്കേസുകളില്‍ മിക്കവരും 35-ന് മുകളില്‍ നില്ക്കുന്നവരാണ് പ്രതിപ്പട്ടികയിലുള്ളത്. മധ്യവയസ്‌കിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് പുതിയ കാലത്തെ വേറൊരു പ്രശ്‌നം.

പാരിസ്ഥിതികഅവബോധം, സ്ത്രീയുടെ വ്യത്യസ്തജീവിതങ്ങള്‍ എന്നിവ ആവിഷ്‌കരിക്കുമ്പോള്‍ ഷാജികുമാറിന്റെ പേനയുടെ വഴി വേറെയാകുന്നു. എന്തുകൊണ്ട്...?
കാര്‍ഷികവൃത്തിയിലൂന്നിയ ജീവിതപരിസരമാണ് വീട്ടിലേത്. കൃഷിയുമായി ബന്ധപ്പെട്ട പോസറ്റീവ് ആയിട്ടുള്ള എല്ലാ ആചാരങ്ങളും നടക്കുന്ന വീടാണ് എന്റേത്. തുലാപത്തിന് പൊലിയന്ത്രന് അരിയിടുന്ന, വിഷുവിന് വീട്ടിലെ പശുക്കള്‍ക്കും കണി വെയ്ക്കുന്ന, പുതുനെല്‍വിത്ത് വിളക്ക് കത്തിച്ച് പൂജാമുറിയിലേക്ക് കൊണ്ടെത്തിക്കുന്ന അങ്ങനെയൊക്കെയുള്ള ഗ്രൗണ്ട് ലെവലുള്ള ജീവിതം ഇപ്പോഴും അവിടെയുണ്ട്. ഈ പാഠത്തില്‍ നിന്നാണ് പരിസ്ഥിതി എഴുത്തില്‍ സംഭവിക്കുന്നത്. കണ്ടതും കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതും വ്യത്യസ്തമായ കരുത്തുറ്റ പെണ്‍ജീവിതങ്ങളും ഇത് പോലെ തന്നെ തുടര്‍ച്ച തീര്‍ക്കുന്നു. ഒരു മുല പറിച്ചെറിഞ്ഞ് ഒരു മധുരാനഗരം കത്തിച്ച് കളഞ്ഞ കണ്ണകിയെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം, മാറിടം കാട്ടി കോടികള്‍ സമ്പാദിക്കുന്ന മല്ലിക ഷെറാവത്തിനേക്കാള്‍.

No comments:

Post a Comment

Labels