വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരമേറില്ലായിരിക്കാം. പരാജയപ്പെടാനുള്ള സാഹചര്യം ഇടതുപക്ഷത്തിലെ ചില നേതാക്കളും (പി.ശശിപേടി മൂത്ത് അടി, സ്ഥാനത്തും അസ്ഥാനത്തുമുള്ള വഴിവിട്ട വാക്ക്) ഉറുമ്പ് കടിച്ചാല്‍ മൂര്‍ഖനാണ് കടിച്ചത് എന്ന പാടുന്ന, ഇടതുപക്ഷവിരോധം അടിസ്ഥാനവകാശമായിക്കൊണ്ട് നടക്കുന്ന ചില മാധ്യമങ്ങളും നന്നായി ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലെ അവസാനത്തെ രാഷ്ട്രീയപ്രവര്‍ത്തകന്റെ ജനങ്ങള്‍ക്കിടയിലേക്കുള്ള ഒറ്റയ്ക്കുള്ള നടത്തമാണ് ഈ തിരഞ്ഞെടുപ്പിനെ ചരിത്രത്തില്‍ അടയാളം വെയ്ക്കുന്നത്. വി.എസ്. അച്യുതാന്ദന്‍ എന്ന എണ്‍മ്പത്തേഴ് വയസ്സുള്ള ചെറുപ്പക്കാരന്‍ കേരളത്തെ ഇളക്കിമറിക്കുന്നത് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും വലിയ കാഴ്ചയായി. നന്മയും സത്യസന്ധതയും ഇപ്പോഴും മലയാളികള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. വി.എസ് മാത്രമാണ് ശരി എന്ന നിലപാടിലേക്ക് മലയാളികള്‍ മാറുന്ന ഒരു കാഴ്ച കണ്ടതിന്റെ സന്തോഷം. വിഎസിന് എതിരായുള്ള ആരോപണങ്ങളൊന്നും മലയാളികള്‍ മുഖവിലയ്‌ക്കെടുത്തതേയില്ല. ഒരുത്തി എന്ന് വിളിച്ചൂ എന്ന് വലിയ വായില്‍ നിലവിളിച്ച സിന്ധുജോയിയേയും ദ്വയാര്‍ത്ഥ പ്രയോഗം എന്ന് മാത്രം മിണ്ടിക്കൊണ്ടേയിരുന്ന ലതിക സുഭാഷിനേയും അര്‍ഹിക്കുന്ന പുച്ഛത്തോടെ ചിരിച്ചുതള്ളാനും മലയാളി തയ്യാറായി. ശരിയായ രാഷ്ട്രീയത്തെ കേരളം ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണ് വിഎസിനോടുള്ള സ്‌നേഹം. ഒരു പക്ഷേ സത്യസന്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അവസാനകാലയളവായി ഇതിനെ കാണാം. വിഎസിന് ശേഷം ഇനിയൊരിക്കലും ആദര്‍ശം എന്നത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മനസ്സിലേക്ക് നടന്നുവരുമെന്ന് തോന്നുന്നില്ല.
മാര്‍ച്ച് 8-ന് കോഴിക്കോട് കടപ്പുറത്തേക്ക് വൈകുന്നേരം ഞാനും സുഹൃത്ത് സ്വരാജും കൂടി എത്തുമ്പോഴേക്കും കരയിലേക്ക് കടല്‍ കയറിയത് പോലെ ആളുകള്‍ ഉണ്ടായിരുന്നു- ജനകടല്‍. വയസ്സായ സ്ത്രീകള്‍, കുഞ്ഞുങ്ങളേയും തോളിലേറ്റി അമ്മമാര്‍ , രാഷ്ട്രീയത്തിന്റെ മസിലുപിടുത്തം ഇല്ലാത്ത പുതിയ കാലത്തിന്റെ ചെറുപ്പക്കാര്‍ അങ്ങനെ കണ്ട കാഴ്ചയുടെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സമയമില്ല എന്ന് നിലവിളിച്ച് പായുന്ന മലയാളികള്‍ വിഎസിനേയും കാത്ത് രണ്ട് മണിക്കൂറോളം കടപ്പുറത്ത് നിന്നു. ഒടുവില്‍ വി.എസ് എത്തിയപ്പോള്‍
എളമരം കരീമിന്റെ വില കുറഞ്ഞ വാക്കുകളെ വകവെയ്ക്കാതെ ആളുകള്‍ നിരത്തിലേക്കിറങ്ങി. ഞാനും സ്വരാജും ബലമില്ലെങ്കിലും ആവുന്നത്ര മുന്നോട്ട് വന്നു. കാര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ അറിയാതെ മുദ്രാവാക്യം വിളിച്ചു. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് പുറത്തിറങ്ങി 6 വര്‍ഷത്തിന് ശേഷം വീണ്ടും ആകാശത്തിന് ഒരു മുഷ്ടി ചുരുട്ടല്‍ .വാക്കുകള്‍ കൊണ്ട് വിഎസിന് ഉച്ചത്തില്‍ ഷേക്ക്ഹാന്റ് കൊടുക്കുമ്പോള്‍ ക്യാമ്പസ്‌കാലത്തിന്റെ ഊര്‍ജ്ജം എന്നില്‍ .കൈകള്‍ വായുവിലേക്ക് ഉയര്‍ത്തിയത് ഞാനായിരുന്നില്ല. കറുത്ത കാറ്റും കൊട്ടപ്പാറകളും മാത്രമുള്ള കാസര്‍ഗോഡന്‍ കോളേജ് വഴികള്‍ ഓര്‍മ്മയില്‍ ലാല്‍സലാം പറഞ്ഞു. എണ്‍മ്പത്തേഴ് വയസ്സുള്ള ചെറുപ്പക്കാരാ നന്ദി, വയസ്സെത്തും മുമ്പേ കാലത്തിന്റെ പ്രൊജേരിയ ബാധിച്ച് വൃദ്ധരായിപ്പോയ ഞങ്ങളെ ഇത്തിരിനേരത്തേക്കെങ്കിലും ചെറുപ്പക്കാരാക്കിയതിന്.
No comments:
Post a Comment