ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Thursday, April 21, 2011

കശുവണ്ടിക്കറ



കശുവണ്ടിക്കറ കൊണ്ട് പൊള്ളിയത് പോലെ വിളിര്‍ത്ത ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ല എന്ന് പറഞ്ഞ മിസറ്റര്‍ ശരത് പവാര്‍ എണ്‍മകജയിലെ കുഞ്ഞുമക്കള്‍ പറയുന്നൂ, പന പോലെ വളരുക. വളര്‍ന്ന് കാലത്തിന്റെ കാറ്റിനെ കൈയ്യിലൊതുക്കുക. ദുരന്തങ്ങളുടെ ഫലപൂയിഷ്ടപ്രദേശമായി കാസര്‍ഗോഡിനെ മൊത്തം മാറ്റിയെടുക്കുക. ഇരുപത്തിമുന്ന് കൊല്ലക്കാലം നാവ് ഉള്ളിലേക്കെടുക്കാനാവാതെ ജീവിച്ച് മരിച്ച ഭാഗ്യലക്ഷ്മിമാര്‍ ഇനിയും ഉണ്ടാവട്ടെ. തീന്‍മേശയിലിരുന്ന് കുത്താടിക്കുടിച്ച് അവരുടെ ദൃശ്യങ്ങള്‍ കണ്ട് ആര്‍ത്തട്ടഹസിക്കുക. ഉടലിന്റെ ഇരട്ടിവലുപ്പത്തില്‍ ശിരസ്സുള്ള, പയര്‍മണിയേക്കാളും നേര്‍ത്ത കൈകാലുകളുള്ള, കൃഷ്ണമണി തിരിഞ്ഞുപോയ കുഞ്ഞുങ്ങള്‍ ഇനിയുമുണ്ടാവട്ടെ. വിചിത്രമായ ഒരു ഭൂപ്രദേശമായി കാസര്‍ഗോഡ് മാറ്റപ്പെടട്ടെ. വിദേശത്ത് നിന്ന് വലിയ ആളുകളെ കൊണ്ട് വന്ന് ഞങ്ങളെ കാട്ടിക്കൊടുക്കുക. എല്ലാം കണ്‍കുളിര്‍ക്കെ കണ്ട് അവര്‍ തിരിച്ച് പോകട്ടെ.  നമ്മുടെ മാന്യമഹാരാജ്യം അങ്ങനെ സമൃദ്ധിയിലേക്ക് കുതിച്ചുയരട്ടെ. കാസര്‍ഗോഡായത് കൊണ്ടാണ് മരിച്ച് ജീവിക്കുന്ന ഈ കാഴ്ച  ഒരു വലിയ തമാശയായി നിങ്ങള്‍ക്ക് തോന്നുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. വേറെയെവിടെയെങ്കിലുമായിരുന്നെങ്കില്‍ കത്തിയേനെ എന്നും ഞങ്ങള്‍ക്കറിയാം. എത്തിനിലവിളിച്ചിട്ടും ഞങ്ങളുടെ നിലവിളി നിങ്ങളുടെ ബധിരകര്‍ണ്ണങ്ങളിലേക്ക് എത്തുകയില്ല. ദുരന്തങ്ങള്‍ പേമാരിയായി പെയ്ത് തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ താല്പര്യം കാട്ടാത്തത് കാസര്‍ഗോഡായത് കൊണ്ടാണെന്നും ഞങ്ങള്‍ക്കറിയാം. അന്വേഷണറിപ്പോര്‍ട്ടുകള്‍ കാലങ്ങളോളം തുടര്‍ന്ന്‌ക്കൊണ്ടിരിക്കട്ടെ. നിങ്ങളുടെ സന്തോഷനടത്തങ്ങളെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്...ഞങ്ങള്‍ എന്നും കീഴടക്കപ്പെട്ടവരാണല്ലോ..

എന്‍ഡോസള്‍ഫാന്‍ നിരാധിക്കണമെന്നാവശ്യപെട്ടുകൊണ്ടിറക്കിയ മാസ് പെറ്റീഷനില്‍ ഒപ്പിടുക- ഇവിടെ ക്ലിക്ക് ചെയ്യുക



No comments:

Post a Comment

Labels